മല്ലപ്പള്ളി മാർത്തോമ്മാ പള്ളിയുടെ അധീനതയിലുള്ള സെമിത്തേരിയിലാണ് സംഭവം നടന്നത്. തൈക്കൂട്ടത്തിൽ ടി.എം. തോമസിനെ സംസ്കരിച്ചിരിക്കുന്ന കല്ലറയുടെ കോൺക്രീറ്റിന് മുകളിൽ സ്ഥാപിച്ചിരുന്ന 6 അടി നീളവും രണ്ടര അടി വീതിയുമുള്ള ഗ്രാനൈറ്റ് പാളിയാണ് മോഷണം പോയത്.
ഓർത്തഡോക്സ്, മാർത്തോമ്മാ സഭകളുടെ സംയുക്ത ഉടമസ്ഥതയിലാണ് വെങ്ങലശ്ശേരി പള്ളി പ്രവർത്തിക്കുന്നത്. മാസത്തിലെ നാലാമത്തെ ഞായറാഴ്ച മാർത്തോമ്മാ സഭയുടെ നേതൃത്വത്തിൽ ആരാധന നടക്കാറുണ്ട്. ഇത്തരത്തിൽ ആരാധനയ്ക്കായി പള്ളിയിലെത്തിയ വിശ്വാസികളും അധികൃതരുമാണ് മോഷണവിവരം ആദ്യം അറിയുന്നത്. സംഭവത്തെ തുടർന്ന് മല്ലപ്പള്ളി മാർത്തോമ്മാ പള്ളി അധികൃതർ കീഴ്വായ്പൂർ പോലീസിൽ ഔദ്യോഗികമായി പരാതി നൽകി.
പ്രദേശത്ത് സമാനമായ സംഭവം വീണ്ടും റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മല്ലപ്പള്ളി സെഹിയോൻ മാർത്തോമ്മാ പള്ളിയുടെ (വെട്ടോലി പള്ളി) സെമിത്തേരിയിലെ കല്ലറയിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് പാളിയും മോഷണം പോയിരുന്നു.
രണ്ട് സെമിത്തേരികളിലും നടന്നിരിക്കുന്നത് ഒരേ ദിവസത്തെ മോഷണമാകാനാണ് സാധ്യതയെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ കീഴ്വായ്പൂർ പോലീസ് കേസ്സെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

