തിരുവല്ല - മല്ലപ്പള്ളി റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും കൃത്രിമ ഗതാഗതക്കുരുക്കും പതിവായതോടെ യാത്രക്കാരും നാട്ടുകാരും ഭീതിയിലാണ്. ബസ് സ്റ്റാൻഡിൽ നിന്ന് കൃത്യസമയത്ത് പുറപ്പെടുന്ന ബസുകൾ പിന്നീട് വഴിയിൽ ഇഴഞ്ഞു നീങ്ങുകയും ആവശ്യമില്ലാതെ മിനിറ്റുകളോളം പ്രധാന കേന്ദ്രങ്ങളിൽ നിർത്തിയിടുകയും ചെയ്യുന്നത് മൂലം വലിയ ഗതാഗതക്കുരുക്കാണ് റോഡിൽ രൂപപ്പെടുന്നത്.
തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് മൂശാരിക്കവല വരെ എത്തുന്നതിന് മാത്രം കാൽ മണിക്കൂറോളം സമയമെടുക്കുന്നു. എന്നാൽ പിന്നിൽ വരുന്ന സർവീസ് ബസ് കണ്ടതിനുശേഷം വേഗത കൂട്ടുന്ന ഇവ പിന്നീട് റോഡിൽ മരണപ്പാച്ചിലാണ് നടത്തുന്നത്. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവുമുള്ള സ്‌കൂൾ സമയങ്ങളിലാണ് സ്വകാര്യ ബസുകളുടെ ഈ പാച്ചിൽ ഏറ്റവുമധികം ദുരിതം വിതയ്ക്കുന്നത്. വിദ്യാർഥികളുമായി പോകുന്ന സ്‌കൂൾ ബസുകൾക്ക് വഴി നൽകാതെ തടസ്സമുണ്ടാക്കുന്നതും അപകടകരമായി ഓവർടേക്ക് ചെയ്യുന്നതും വിദ്യാർഥികളുടെ ജീവന് പോലും ഭീഷണിയാകുന്നുണ്ട്.
അഞ്ചും പത്തും മിനിറ്റ് വ്യത്യാസത്തിൽ സർവീസ് നടത്തുന്ന ഈ റൂട്ടിൽ, കുന്നംന്താനത്തിനു ശേഷം യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും മിന്നൽ വേഗതയിലായതിനാൽ പ്രായമായവരും കുട്ടികളും അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്. സമയകൃത്യത പാലിക്കാതെയുള്ള ഈ മത്സരയോട്ടം കാരണം ജീവൻ പണയം വെച്ചാണ് യാത്രക്കാർ ബസിൽ കയറുന്നത്. ഇത്തരക്കാരെ നിലക്കുനിർത്തേണ്ട അധികൃതർ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് പ്രധാന പരാതി. വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തി മോട്ടോർ വാഹന വകുപ്പും പൊലീസും ഉടൻ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

