മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങൾ അദ്ദേഹത്തിന്റെ മാതൃഇടവകയായ മുക്കൂറിൽ വെച്ച് ഈ മാസം 15-ന് വിപുലമായി സംഘടിപ്പിക്കുന്നു. 2001 ഓഗസ്റ്റ് 15-ന് നടന്ന അദ്ദേഹത്തിന്റെ മെത്രാഭിഷേക കർമ്മങ്ങളുടെ സ്മരണാർത്ഥം മാതൃഇടവകയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. അന്ന് രാവിലെ 7.30-ന് നടക്കുന്ന വിശുദ്ധ കുർബാനയോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ഉച്ചകഴിഞ്ഞ് 3.30-ന് നിർധനർക്കായി നിർമ്മിച്ച ജൂബിലി ഭവനങ്ങളുടെ താക്കോൽദാനവും, വൈകുന്നേരം 4.30-ന് മുക്കൂർ കവലയിൽ പൗരാവലിയുടെ ഗംഭീര വരവേൽപ്പും നടക്കും.
തുടർന്ന് വൈകുന്നേരം 5.30-ന് ആരംഭിക്കുന്ന പൊതുസമ്മേളനം സംസ്ഥാന ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. തിരുവല്ലാ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എം.പി., അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. എന്നിവർക്ക് പുറമെ വിവിധ സഭാ മേലധ്യക്ഷന്മാരും സാമൂഹിക-രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. സമ്മേളനത്തിൽ വെച്ച് ഇടവകയുടെ പ്രത്യേക ഉപഹാരം കർദിനാളിന് സമ്മാനിക്കും.
പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി കുന്നന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എന്‍.സി. പ്രെനി, ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിനി അജിത്ത്, വാര്‍ഡ് മെമ്പര്‍മാരായ പി.റ്റി. അലക്‌സ്, രമ്യ ഗോപിനാഥ്, വര്‍ഗീസ് മാത്യു, മുക്കൂര്‍ ഇടവക വികാരി റവ. ഫാ. ഷാജി ബഹനാന്‍ ചെറുപാലത്തില്‍, റവ. ഡോ. തോമസ് കാഞ്ഞിരത്താമണ്ണില്‍, തിരുവല്ലാ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷാജി മാത്യു കൂളിയാട്ട്, സിസ്റ്റര്‍ ആനീസ് എസ്‌ഐസി, ട്രസ്റ്റി ജീമോന്‍ തറയില്‍, സെക്രട്ടറി ഏബ്രഹാം തോട്ടുങ്കല്‍ തുടങ്ങി 51 അംഗങ്ങൾ അടങ്ങുന്ന വിപുലമായ സ്വാഗതസംഘത്തിന് രൂപം നൽകിയിട്ടുണ്ട്.

