എഴുമറ്റൂരിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂൾ നവീകരണം അവസാന ഘട്ടത്തിലേക്ക്. ആകെ 3.88 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. കെട്ടിടം നിർമിക്കാൻ മൂന്നരക്കോടി വേണ്ടിവന്നു. മൂന്ന് നിലകളിലായി പതിനാലായിരം ചതുരശ്രയടി വിസ്താരമുള്ള മന്ദിരമാണ് തീർക്കുന്നത്. ഏഴ് ക്ലാസ് മുറികൾ, ഓഫീസ്, ഹാൾ എന്നിവയ്ക്ക് പുറമെ പരീക്ഷണശാലകളും ശൗചാലയങ്ങളും ഇതിലുണ്ടാകും.
കിഫ്‌ബി ഫണ്ടിൽനിന്ന് മൂന്ന് കോടിയും രാജു എബ്രഹാം എം.എൽ.എ. ആയിരുന്നപ്പോൾ അനുവദിച്ച അരക്കോടിയുമാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്.
ലാബ്, ആർട്ട് മുറികൾ അടങ്ങുന്ന കെട്ടിടം ജില്ലാ പഞ്ചായത്ത് നൽകിയ 18 ലക്ഷം രൂപയിൽ പണിതു. പഴയ ക്ലാസ് മുറികൾ ടൈലിട്ടും പെയിന്റടിച്ചും സീലിങ് നിർമിച്ചും നവീകരിക്കാൻ 20 ലക്ഷം രൂപയും ചെലവാക്കി.
രണ്ട് മാസങ്ങൾക്കുള്ളിൽ ജോലികൾ പൂർത്തിയാകും അടുത്ത അധ്യയന വർഷം പുതിയ സൗകര്യങ്ങൾ കുട്ടികൾക്ക് ഉപയോഗിക്കാനുമാകുമെന്ന് പി.ടി.എ. അറിയിച്ചു. പ്രീ-പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള ക്ലാസുകളാണ് ഇവിടെ നടക്കുന്നത്.