കോട്ടയം മെഡിക്കല്‍ കോളജ് ഭാഗത്തു നിന്നു യുവാവിനെ തട്ടി ക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസിന്റെ പിടിയിലായി. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം തെക്കേക്കരയില്‍ കൊച്ചോലിക്കല്‍ ഗിരീഷ്‌കുമാര്‍ (49), തിരുവല്ല ഇരവിപേരൂര്‍ വള്ളംകുളം കാവുമുറി ഭാഗത്ത് പുത്തന്‍പറമ്പില്‍ ഗോപിക വിനീത് (22) എന്നിവരെയാണു ഗാദ്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗിരീഷ്കുമാറിനെതിരെ കോയിപ്രം, തിരുവല്ല പൊലീസ് സ്‌റ്റേഷനുകളില്‍ ഒട്ടേറെ അടി പിടിക്കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണു കേസിനാസ്പദമായ സംഭവം നടന്നത്. 10 പേരടങ്ങുന്ന സംഘമാണു യുവാവിനെ തട്ടിക്കൊണ്ടു പോയത്.
പ്രതികള്‍ക്കു കഞ്ചാവു കൊടുക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഇവരുടെ കയ്യില്‍ നിന്നു പണം വാങ്ങിയ ശേഷം വെറുതേ കടലാസ് പൊതിഞ്ഞുകൊടുത്തു കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ വിരോധമാണു യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ കാരണമായതെന്നു പറയുന്നു.
സംഭവത്തിനു ശേഷം പ്രതികളെല്ലാവരും ഒളിവില്‍ പോയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വിനീത് രവികുമാര്‍, അഭിഷേക് പി നായര്‍, ഡി.ലിബിന്‍ (ചിക്കു), സതീഷ്, സജീദ്, രതീഷ്കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വ ത്തില്‍ അന്വേഷണ സംഘം രൂപികരിച്ചു നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്.
സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.ഷിജി, എസ്‌ഐമാരായ പ്രദീപ് ലാല്‍, മനോജ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രവിണോ, രാഗേഷ്, അനീഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.