നേപ്പാൾ വിമാനാപകടത്തിൽ മരിച്ചവരിൽ കഴിഞ്ഞ ദിവസം മല്ലപ്പളളിയിൽ നിന്ന് മടങ്ങിപ്പോയ നേപ്പാൾ സ്വദേശികളും. രാജു ടക്കൂരി, റാബിൽ ഹമൽ, അനിൽ ഷാഹി എന്നിവരാണ് മരിച്ചത്. മല്ലപ്പളളിയിലെ ആനിക്കാട് നിന്ന് മടങ്ങിയ അഞ്ചു പേരിൽ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്.
നേപ്പാളിൽ സുവിശേഷകനായിരുന്ന ആനിക്കാട് സ്വദേശി മാത്യു ഫിലിപ്പിന്റെ സംസ്കാരത്തിൽ പങ്കെടുക്കാനാണ് ഇവർ മല്ലപ്പളളിയിൽ എത്തിയത്. അഞ്ചുപേരും ഒന്നിച്ചാണ് വിമാനത്തിൽ നേപ്പാളിലേക്ക് മടങ്ങിയത്. എന്നാൽ അപകടത്തിന് തൊട്ടുമുമ്പ് സംഘത്തിലെ ദീപക് തമാങ്, സരൺ എന്നിവർ കാഠ്മണ്ഡു വിമാനത്താവളത്തിൽ ഇറങ്ങിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
കാഠ്മണ്ഡുവിൽനിന്ന് കസ്കി ജില്ലയിലെ പൊഖാറയിലേക്ക് പുറപ്പെട്ട യതി എയർലൈൻസിന്‍റെ എ.ടി.ആർ-72 വിമാനമാണ് ഞായറാഴ്ച രാവിലെ അപകടത്തിൽപെട്ടത്. 68 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
യാത്രികരിൽ 53 പേരും നേപ്പാളികളാണ്. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 15 വിദേശികൾ വിമാനത്തിലുണ്ടായിരുന്നു. മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം ആറു കുട്ടികളും വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നു. നാലു റഷ്യക്കാരും രണ്ട് കൊറിയക്കാരും അർജന്റീന, അയർലൻഡ്, ആസ്ട്രേലിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നായി ഓരോരുത്തരുമാണ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർ.