വാഹനമിടിച്ചു ഗുരുതര പരിക്കുകളേറ്റ് റോഡിൽ അബോധാവസ്ഥയിൽ കിടന്ന വയോധികന് രക്ഷകനായി സിവിൽ പോലീസ് ഓഫീസർ. കീഴ്‌വായ്‌പ്പൂർ പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറായ വി പി പരശുറാമാണ് കോയിപ്രം പുല്ലാട് ജക്ഷന് സമീപം റോഡിൽ ഇന്ന് 11 മണിയോടെയു ണ്ടായ അപകടത്തിൽപെട്ട് ഗുരുതരമായ പരിക്കുകൾ പറ്റി അബോധാവസ്ഥയിൽ കിടന്ന പുല്ലാട് കുറവൻകുഴി ആനക്കുഴിക്കൽ വീട്ടിൽ അപ്പുക്കുട്ടൻ നായർക്ക് രക്ഷകനായത്.
പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ആരും മുന്നോട്ടുവന്നില്ല. ഈസമയം കോയിപ്രത്ത് ഡ്യൂട്ടി കഴിഞ്ഞു അതുവഴി വന്ന പരശുറാം ഓട്ടോ തടഞ്ഞു നിർത്തി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച ശേഷം, ചികിത്സക്കാവശ്യമായ സഹായം ചെയുതുകൊടുക്കുകയും ചെയ്തു. സ്ത്രീ ഓടിച്ചുവന്ന സ്കൂട്ടർ, അപ്പുക്കുട്ടൻ നായരെ റോഡ് മുറിച്ചുകടക്കുമ്പോൾ ഇടിച്ചിടുകയായിരുന്നു. പരിക്ക് പറ്റിയത് കണ്ടിട്ടും ആരും രക്ഷപ്പെടുത്താൻ മുന്നോട്ടുവരികയോ, കൈകാട്ടിയ വാഹനങ്ങളിൽ പലതും നിർത്തുകയോ ചെയ്തില്ല.
ഒടുവിൽ നിർത്തിയ ഓട്ടോറിക്ഷയിൽ കയറ്റി ഉടനടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് പരശുറാം, ഇദ്ദേഹത്തിന്റെ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിയശേഷമാണ് പോലീസുദ്യോഗസ്ഥൻ മടങ്ങിയത്.