കേരളത്തിൽ 4 പേർക്ക് നിപ്പ സ്ഥിരീകരിച്ചു; സമ്പർക്ക പട്ടികയിൽ 168 പേര്‍

 കേരളത്തിൽ നാലു പേർക്കു നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മരിച്ച രണ്ടു പേർക്കും ചികിത്സയിലുള്ള രണ്ടു പേർക്കുമാണു രോഗബാധ സ്ഥിരീകരിച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സാംപിൾ പരിശോധനാഫലം കിട്ടിയതിനു പിന്നാലെയാണു നിപ്പയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വീണാ ജോർജ് പങ്കുവച്ചത്. മരിച്ച രണ്ടുപേർക്കും നിപ്പ സ്ഥിരീകരിച്ചതായി നേരത്തേ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നെങ്കിലും സംസ്ഥാനം സ്ഥിരീകരിച്ചിരുന്നില്ല. 

ആദ്യം മരിച്ചയാളുടെ ചികിത്സയിലുള്ള 9 വയസ്സുള്ള മകനും 24 വയസ്സുള്ള ഭാര്യസഹോദരനുമാണ് നിപ്പ സ്ഥിരീകരിച്ചത്. നാലു വയസ്സുള്ള മകൾ നെഗറ്റീവാണ്. ഭാര്യാ സഹോദരന്റെ പത്തു മാസം പ്രായമുള്ള കുഞ്ഞും നെഗറ്റീവാണ്. നിപ്പ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഉള്ളവരുടെ വിശദാംശങ്ങൾ തേടുന്നുവെന്ന് മന്ത്രി അറിയിച്ചു. 7 പേരാണ് ആകെ ചികിത്സയിലുള്ളത്. രോഗ ഉറവിട കേന്ദ്രങ്ങളായ രണ്ടിടങ്ങളിൽ നിയന്ത്രണം കർശനമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

ഇന്നലെ മരിച്ച വ്യക്തിക്ക് ആദ്യം മരിച്ച വ്യക്തിയുമായി ആശുപത്രിയില്‍ നിന്നാണ് സമ്പർക്കമുണ്ടായത്. നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയെന്നും മന്ത്രി അറിയിച്ചു. നിപ്പയെ അതിജീവിച്ച അനുഭവമുള്ളതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. 

സമ്പർക്കപ്പട്ടികയിൽ ആകെ 168 പേരുണ്ട്. ആദ്യത്തെ കേസിലെ സമ്പർക്കപ്പട്ടികയിൽ 158 പേരാണ്. അതിൽ 127 ആരോഗ്യപ്രവർത്തകരാണ്. ബാക്കി 31 പേർ വീട്ടിലും പരിസരത്തും ഉള്ളവർ. രണ്ടാമത്തെ കേസിലെ സമ്പർക്കപ്പട്ടികയിൽ നൂറിലേറെ പേരാണുള്ളത്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ