പെരുമ്പെട്ടിക്കുസമീപം നിയന്ത്രണംവിട്ട ജീപ്പ് മരത്തിലിടിച്ച് ആറ് പേർക്ക് പരിക്കേറ്റു. ചുങ്കപ്പാറ കടമരക്കൂട്ടത്തിൽ ഹനീഫ(63), ഹാജിറ(61), ഹാജിറയുടെ സഹോദരിമാരായ ചിറ്റാർ തടത്തിൽ സൽമ(69), ളാഹ എസ്റ്റേറ്റിൽ നബീസ(65), കദീജ(62), ഡ്രൈവർ ഷിഹാബ് എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഹാജിറ, സൽമ, നബീസ എന്നിവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പകൽ 12.30-ഓടെ പെരുമ്പെട്ടി-ചുങ്കപ്പാറ റോഡിൽ ആശുപത്രിപ്പടിയിലെ വളവിന് സമീപമാണ് അപകടം. ചുങ്കപ്പാറയിൽനിന്നു വെട്ടിയാറിലേക്ക് പോവുകയായിരുന്ന ജീപ്പാണ് നിയന്ത്രണംവിട്ട് റോഡിന്റെ വശത്തെ ആഞ്ഞിലിമരത്തിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ ഒരു വശം തകർന്നു. അഞ്ചു സ്ത്രീകളടക്കം ഏഴുപേരാണ് ജീപ്പിലുണ്ടായിരുന്നത്.