നവകേരള സദസിന്റെ ജില്ലയിലെ ആദ്യ വേദിയായ തിരുവല്ലയില്‍ ഡിസംബര്‍ 16ന് ഉച്ചയ്ക്ക് 2.30 മുതല്‍ നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും. വൈകിട്ട് ആറിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവല്ല എസ് സി എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സദസ് സംഘടിപ്പിക്കുന്നത്. നിവേദനം സ്വീകരിക്കുന്നതിനായി 20 കൗണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. സംശയങ്ങള്‍ പരിഹരിക്കുന്നതിനായി ഹെല്‍പ് ഡെസ്‌ക്കുകളും പ്രവര്‍ത്തിക്കും. നിവേദനത്തിനൊപ്പം ഫോണ്‍നമ്പര്‍, മേല്‍വിലാസം, പിന്‍കോഡ് എന്നിവ രേഖപെടുത്തണം. കൗണ്ടറുകളില്‍ നിന്ന് ലഭിക്കുന്ന രസീത് കൈവശം സൂക്ഷിക്കണം. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, പൊതുവായവ എന്നിങ്ങനെ നിവേദനങ്ങള്‍ സ്വീകരിക്കുന്നതിന് വെവ്വേറെ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ചികിത്സ സഹായത്തിനു ഡോക്ടറുടെ കുറിപ്പടിയും നിവേദനത്തിനൊപ്പം സമര്‍പ്പിക്കണം. ഭിന്നശേഷിക്കാര്‍ നിവേദനം നല്‍കാന്‍ നേരിട്ട് എത്തേണ്ട. ബന്ധപ്പെട്ട ആരെങ്കിലും കൗണ്ടറില്‍ എത്തി നിവേദനം നല്‍കി രസീത് കൈപ്പറ്റിയാല്‍ മതിയാകും.
നിവേദനം സ്വീകരിക്കുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. സദസ്സ് നടക്കുന്ന വേദിയില്‍ ആവശ്യത്തിന് ശുചിമുറികള്‍, കുടിവെള്ളം തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.