നേരത്തേ ഇവിടെ ചത്തനിലയിൽ കണ്ടെത്തിയ കുറുനരി |
പെരുമ്പെട്ടി ആടിയാനിൽ കുറുനരിയെ ചത്തനിലയിൽ കണ്ടെത്തി. കൊറ്റനാട്, കോട്ടാങ്ങൽ പഞ്ചായാത്ത് അതിർത്തിഭാഗത്താണ് വെള്ളിയാഴ്ച വൈകീട്ട് സ്വകാര്യ പുരയിടത്തിൽ കുറുനരിയെ ചത്തനിലയിൽ കണ്ടെത്തിയത്.
ഏഴുമണിയോടെ വനംവകുപ്പ് അധികൃതരെത്തി ജഡം പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയി. കോട്ടാങ്ങലിൽ ഒട്ടേറെ മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. നേരത്തേ ഇവിടെ ചത്തനിലയിൽ കണ്ടെത്തിയ കുറുനരിക്ക് പേവിഷബാധ ഉള്ളതായി സ്ഥിരീകരിച്ചിരുന്നു. അതിനാൽ ഈ ജഡവും വിഷബാധ പരിശോധനയ്‌ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയയ്ക്കും.
പേവിഷബാധ ഭീതിയിൽ കോട്ടാങ്ങൽ
കോട്ടാങ്ങൽ പഞ്ചായത്തിൽ കുറുനരി ആക്രമണത്തിന് പിന്നാലെ മനുഷ്യരെയും മൃഗങ്ങളെയും തെരുവുനായ്ക്കളും ആക്രമിച്ചിട്ടും തുടർ നടപടികൾ കാര്യക്ഷമമല്ല. 18 പേർക്കും അഞ്ച് മൃഗങ്ങൾക്കും ഇതുവരെ പ്രതിരോധ കുത്തിവെപ്പ് ആവശ്യമായിവന്നു.
മേയ് 19-ന് ആദ്യ സംഭവത്തിൽ എട്ടു പേർക്ക് കുറുനരിയുടെ കടിയേറ്റിരുന്നു. മേയ് 23-ന് രാവിലെ അഞ്ചരയോടെയാണ് രണ്ടാമത്തെ കുറുനരിയെ കണ്ടത്. തെരുവുനായ്ക്കളെ ഇത് ആക്രമിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. രണ്ട് കുറുനരികൾക്കും പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ജൂൺ രണ്ട് വൈകീട്ടും മൂന്ന് രാവിലെയുമാണ് മൂന്നാമത്തെ സംഭവം. കുറുനരിക്ക് പകരം തെരുവുനായയാണ് ആക്രമണം നടത്തിയത്. മനുഷ്യർക്കും മൃഗങ്ങൾക്കും കുത്തിവെപ്പ് എടുക്കേണ്ടിവന്നു.
തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറുനരി, തെരുവുനായശല്യം പൊതു ജനത്തെ പരിഭ്രാന്തിയിലാക്കിയിരുന്നു. കുട്ടികളെ സ്കൂളിൽവിടാൻ വരെ വീട്ടുകാർ ഭയപ്പെടുകയാണ്.