ബസ്സിന്റെ സമയക്രമത്തെ ചൊല്ലി തർക്കം. യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് തടഞ്ഞു നിർത്തി ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വെച്ച് ഗുണ്ടാ സംഘത്തിൻറെ ഭീഷണി.
തിരുവല്ല – മല്ലപ്പള്ളി റൂട്ടിൽ ഓടുന്ന തിരുവമ്പാടി ബസ്സിലെ ഡ്രൈവർ കുറ്റപ്പുഴ സ്വദേശി വി.കെ.കലേഷി (35) ന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ മല്ലപ്പള്ളി കടുവാക്കുഴി ജംഗ്ഷന് സമീപമായിരുന്നു സംഭവം നടന്നത്.
മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും യാത്രക്കാരുമായി തിരുവല്ലയിലേക്ക് പോവുകയായിരുന്ന ബസ് തടഞ്ഞുനിർത്തിയ അഞ്ചംഗ സംഘം ബസ്സിനുള്ളിൽ വടിവാളുമായി കയറി ഡ്രൈവറെ ഭീഷണിപ്പെടുത്തുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ അടങ്ങുന്ന ബസ്സിനുള്ളിലാണ് ഗുണ്ടാ വിളയാട്ടം നടന്നത്.
അക്രമത്തിന്റെ ദൃശ്യം യാത്രക്കാരിൽ ഒരാൾ മൊബൈലിൽ പകർത്തിയിരുന്നു. ഡ്രൈവർ കീഴ്വായ്പൂർ പോലീസിലും തിരുവല്ല ഡിവൈഎസ്പിക്കും പരാതി നൽകിയിട്ടുണ്ട്.