കറുകച്ചാലിൽ യുവതി കാറിടിച്ച് മരിച്ച സംഭവം കൊലപാതകം. ഒന്നാം പ്രതി കാഞ്ഞിരപ്പള്ളി മേലാറ്റൂതകിടി അമ്ബഴത്തിനാല്‍ വീട്ടില്‍ അൻഷാദ് കബീർ(37) കൊലപാതകത്തിനു സഹായിച്ച കാഞ്ഞിരപ്പള്ളി ചാവടിയില്‍ വീട്ടില്‍ ഉജാസ് അബ്ദുള്‍സലാം(35) എന്നിവരെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കറുകച്ചാൽ കൂത്രപളളി സ്വദേശിനി നീതു കൃഷ്‌ണനെ (36) യാണ് വാഹനമിടിച്ച് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി ഏതാനും വർഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്ന യുവതി വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകക്ക് താമസിക്കുകയായിരുന്നു. ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.
ചൊവ്വാഴ്ച്ച രാവിലെ 8.45 യോടെ വീട്ടിൽ നിന്നും കറുകച്ചാലിലേക്ക് നടന്നുവരുമ്പോഴായിരുന്നു നീതുവിനെ വാഹനമിടിച്ചത്. അബോധാവസ്ഥയിലായ നീതുവിനെ നാട്ടുകാർ ഉടൻ തന്നെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും ഒരു കാർ മല്ലപ്പളളി ഭാഗത്തേക്ക് പോകുന്നതായി കണ്ടെന്ന് പ്രദേശവാസികളിൽ ചിലർ മൊഴി നൽകിയിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ വാഹനം ഓടിച്ചയാള്‍ക്ക് മരണപ്പെട്ട യുവതിയുമായി അടുപ്പം ഉണ്ടായിരുന്നെന്നും സംഭവം കൊലപാതകമായിരുന്നെന്നും കണ്ടെത്തുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ മുൻ സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശി അൻഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.