ബസിൽക്കയറി വടിവാളുമായി ഡ്രൈവറോട് ഭീഷണി: മൂന്ന് പ്രതികൾ അറസ്റ്റിൽ

 

മല്ലപ്പള്ളി- തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന തിരുവമ്പാടി ബസിൻ്റെ ഡ്രൈവർ കുറ്റപ്പുഴ സ്വദേശി  വി കെ കലേഷി (35) നെ ബസിൽ കയറി അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കഴുത്തിനുനേരെ വടിവാൾ വീശുകയും ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികളെ കീഴ്‌വായ്‌പ്പൂർ പോലീസ്  പിടികൂടി.

കോട്ടയം മാടപ്പള്ളി മാമൂട് ഇടപ്പള്ളി ഭാഗം വട്ടമാക്കല്‍ വീട്ടില്‍ വി.കെ.ജയകുമാര്‍ (46), തിരുനെല്‍വേലി അഴകിയപാണ്ടിപുരം സുബയ്യാപുരം തേവര്‍കുളം നോര്‍ത്ത് 1/77 വീട്ടില്‍ നിന്നും കല്ലുപ്പാറ ചെങ്ങരൂര്‍ കടുവാക്കുഴി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പി. ഉദയരാജ് (29), കോന്നി ഇളപ്പുപാറ പുത്തന്‍ തറയില്‍ വീട്ടില്‍ നിന്നും ആനിക്കാട് നടുകെപ്പടി ആലക്കുളത്തില്‍ വീട്ടില്‍ ജോബിന്‍ രാജന്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

തിരുവമ്പാടി എന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ കുറ്റപ്പുഴ സ്വദേശി വി.കെ.കലേഷി (35) ന് നേരെയാണ് ബസില്‍ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കഴുത്തിനു നേരെ വടിവാള്‍ വീശിയത്. തിങ്കളാഴ്ച വൈകിട്ട് നാലിന് സർവ്വീസ് ബസ് കടുവാക്കുഴിയില്‍ തടഞ്ഞു നിര്‍ത്തിയ ശേഷമായിരുന്നു ആക്രമണ ശ്രമം. ഒന്നാം പ്രതി ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള കടുവാക്കുഴിയിലെ വര്‍ക്‌ഷോപ്പിന് മുന്നിലാണ് ബസ് തടഞ്ഞിട്ടത്. ഈ സമയം മറ്റ് പ്രതികള്‍ പിന്‍വാതിലിലൂടെ കടന്ന് കണ്ടക്ടറെ ഭീഷണിപ്പെടുത്തി. രണ്ടാം പ്രതി ഉദയരാജ് ഡ്രൈവറുടെ കാബിനുള്ളില്‍ കയറി വടിവാള്‍ കഴുത്തിനു നേരേ വീശി. ഒഴിഞ്ഞുമാറിയതിനാല്‍ കൊണ്ടില്ല. പ്രതികള്‍ ബസിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭീഷണി മുഴക്കുകയും ചെയ്തു.

വര്‍ക്ക്‌ഷോപ്പില്‍ ബസിന്റെ പെയിന്റിങ് നടത്തിയതിന്റെ പണം നല്‍കാത്തതാണ് വിരോധത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവം അറിഞ്ഞ ഉടനെ പോലീസ് സ്ഥലത്തെത്തി മൂന്നു പേരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കലേഷിന്റെ പരാതി പ്രകാരം ആയുധ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുത്തു. കീഴ്‌വായ്പൂര്‍ എസ്.എച്ച്.ഓയുടെ ചുമതല വഹിക്കുന്ന കോയിപ്പുറം ഇന്‍സ്‌പെക്ടര്‍ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ പി.പി. മനോജ് കുമാര്‍, എസ്.സി.പി.ഓമാരായ പി.എച്ച്. അന്‍സിം, ഷമീര്‍, ശരത് പ്രസാദ്, സി.പി.ഓമാരായ വിഷ്ണുദേവ്, ദീപു, അമല്‍ മോഹന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

തിരുവമ്പാടി എന്ന പേരിലുള്ള രണ്ട് ബസുകളുടെ പെയിന്റിങ് ജോലികള്‍ ജയകുമാറിന്റെ വര്‍ക്ക്‌ഷോപ്പിലാണ് ചെയ്യുന്നത്. അവയിലൊന്നിന്റെ പെയിന്റിങ് നടത്തിയിട്ട് പണം നല്‍കാന്‍ താമസിക്കുന്നത് ആക്രമണത്തിന് പ്രധാന കാരണമായി. ഈ റൂട്ടില്‍ സമയക്രമം സംബന്ധിച്ച ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കവും നില നില്‍ക്കുന്നുണ്ട്. നാലാം പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.

തിരുവമ്പാടി ബസുകാരുമായി റൂട്ട് സമയക്രമത്തില്‍ തര്‍ക്കമുള്ള ജാനകി ബസിന്റെ ജീവനക്കാരനായ രമേശന്‍ കാട്ടാമല എന്നയാളുടെ സുഹൃത്തുക്കളാണ് പ്രതികള്‍. ഇയാളുമായി കലേഷിനു തര്‍ക്കം നിലനിന്നിരുന്നു, ഇതില്‍ പ്രതികള്‍ക്ക് കലേഷിനോട് വിരോധമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ജയകുമാറിന്റെ വര്‍ക് ഷോപ്പിന് പിന്നിലെ കാടുപിടിച്ച ഭാഗത്ത് നിന്ന്
വടിവാള്‍ പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ