തിരുവല്ല പുളിക്കീഴിലുള്ള മദ്യ വിതരണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ ബവ്റിജസ് കോർപറേഷന് വൻ നഷ്ടം. ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തിൽ 45,000 കെയ്സ് മദ്യം കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം. 5 കോടിയോളം രൂപയുടെ പ്രാഥമിക നഷ്ടവും കണക്കാക്കുന്നു.
രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള മദ്യമാണ് കത്തി നശിച്ചത്. ബിയർ സംഭരിച്ചിരുന്ന സ്ഥലത്തേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. കെട്ടിടവും ഗോഡൗണും പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആകാമെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേനയാണ് തീ അണച്ചത്.