പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്ന വിവരം പോലീസിൽ അറിയിച്ചതിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച രണ്ട് യുവാക്കളെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വായ്പ്പൂര് കുളത്തൂർ നടുഭാഗം ഒരയ്ക്കൽപാറ ഓ എം അനൂപ് ( 39), വായ്പൂര് കുളത്തൂർ കിടാരക്കുഴിയിൽ വീട്ടിൽ കെ ജി സൈജു (43) എന്നിവരാണ് പിടിയിലായത്. പ്രതികൾ വീടിനടുത്ത് പൊതുസ്ഥലത്തു മദ്യപിച്ചത് പോലീസിനെ അറിയിച്ചത് കോട്ടാങ്ങൽ കുളത്തൂർ പുത്തൂർ വീട്ടിൽ വത്സല രാധാകൃഷ്ണന്റെ മരുമകൻ പ്രദീപ് ആണെന്ന് സംശയിച്ച് വിരോധത്താൽ ഇന്നലെ രാത്രി 10.30 ഓടെ ഇവരുടെ വീട്ടിൽ അതിക്രമിച്ചകയറി ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു.
അസഭ്യം വിളിച്ചുകൊണ്ടും പ്രദീപിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പ്രതികൾ വീട്ടുമുറ്റത്ത് കയറിയത്. ബഹളം കേട്ട് ഇറങ്ങിവന്ന വത്സലയുടെ മകൾ രവിതയെ കൈകളിൽ കയറിപ്പിടിച്ചുനിർത്തി ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചു. പിന്നീട് പ്രതികൾ ചേർന്ന് മർദ്ദിക്കുകയും തള്ളി താഴെയിടുകയും ചെയ്തു. പിടിച്ചെഴുന്നേൽപ്പിക്കാൻ ഓടിയെത്തിയ പ്രദീപിനെ ഒന്നാം പ്രതി കയ്യിൽ കരുതിയ കത്തികൊണ്ട് കുത്താനായി വീശിയെങ്കിലും ഒഴിഞ്ഞുമാറി. രണ്ടാമതും കുത്താൻ കത്തിവീശീയപ്പോൾ തടസ്സം പിടിച്ച വത്സലയെ പ്രതികൾ പിടിച്ചുനിർത്തി തലക്ക് അടിക്കുകയും ചെയ്തു. ആക്രമണത്തിൽ വത്സലയ്ക്കും മകൾക്കും പരിക്ക് പറ്റി. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ അനൂപും സൈജുവും ഓടിപ്പോയി.
തുടർന്ന്, സ്റ്റേഷനിലെത്തി വിവരം പറഞ്ഞ വത്സലയുടെ മൊഴി എസ് സി പി ഓ സോണിമോൻ ജോസഫ് രേഖപ്പെടുത്തി. പോലീസ് ഇൻസ്‌പെക്ടർ ബി സജീഷ് കുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ വീടിനു സമീപത്ത് റോഡിൽ നിന്ന് ഉടനടി പിടികൂടി സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പിന്നീട് ഇന്ന് ഉച്ചയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിൽ കഴിഞ്ഞു വരുന്ന രവിതയ്ക്ക് പ്രതികളുടെ ആക്രമണത്തിൽ ശാരീരിക അസ്വസ്ഥതയുണ്ടാവുകയും ബോധം നഷ്ടപ്പെടുകയും ചെയ്തതായും മൊഴിയിലുണ്ട്. പരുക്കേറ്റ മൂവരും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും, തുടർന്ന് രവിതയെ സ്ഥിരം ചികിത്സിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികൾ ഇവരുടെ വീടിൻ്റെ അടുത്ത് പൂത്തൂർപ്പടി എന്ന സ്ഥലത്ത് ഇരുന്ന് മദ്യപിക്കുന്ന വിവരം പ്രദീപ് പെരുമ്പെട്ടി പോലീസിൽ അറിയിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. പെരുമ്പെട്ടി പോലീസ് ഇൻസ്‌പെക്ടർ സ്ഥലത്തെത്തി അനൂപിനെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിൽ കൊണ്ടുവരികയും, പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് കേസെടുത്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. തുടർന്നാണ് സൈജുവുമായി ചേർന്ന് പ്രദീപിനെ ആക്രമിക്കാനെത്തിയത്.