നിയമാനുസൃതമായ പാസ്സോ അനുമതിപ്പത്രമോ ഇല്ലാതെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും പച്ചമണ്ണ് കടത്താൻ ശ്രമിച്ച ടിപ്പർ ലോറി കീഴ്‌വായ്‌പ്പൂർ പോലീസ് പിടികൂടി.
ഇന്നലെ രാവിലെ 7 മണിയോടെ കുന്നന്താനം മല്ലപ്പള്ളി റോഡിൽ മൂശാരികവല ജംഗ്ഷനിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ ടിപ്പറിൽ പച്ചമണ്ണു ശേഖരിക്കുന്നതായി വിവരം ലഭിച്ചത് പ്രകാരം, കീഴ്‌വായ്‌പ്പൂർ പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥന്റെ നിർദ്ദേശപ്രകാരം പൊലീസുദ്യോഗസ്ഥരായ പ്രദീപ് പി പ്രസാദും സോണി കുഞ്ഞുമോനും സ്ഥലത്തെത്തി അന്വേഷിച്ചു. അനധികൃതമായി പച്ചമണ്ണ് ടിപ്പറിൽ ശേഖരിച്ചത് കണ്ടെത്തിയതിനെ തുടർന്ന്, പോലീസ് ഇൻസ്പെക്ടർ സ്ഥലത്ത് എത്തുകയും, ഡ്രൈവർ കവിയൂർ കോട്ടൂർ ഇലവിനാൽ ചെമ്പകശ്ശേരിൽ വീട്ടിൽ ജോൺ സി ജോർജ്ജി (40)നെ ചോദ്യം ചെയ്യുകയും ചെയ്തു.
നിയമപരമായ അനുമതിപ്പത്രങ്ങൾ ഒന്നും ഇല്ലാതെയാണ്, ടിപ്പറിന്റെ ഉടമകൂടിയായ ഡ്രൈവർ പച്ചമണ്ണ് ശേഖരിച്ച് കടത്താൻ ശ്രമിച്ചതെന്ന് പോലീസിന് ബോധ്യപ്പെട്ടു. തുടർന്ന് ടിപ്പർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. തുടർനടപടികൾക്ക് ശേഷം പച്ചമണ്ണ് നിറച്ച ടിപ്പർ തിരുവല്ല ജെ എഫ് എം കോടതിയിൽ റിപ്പോർട്ട് സഹിതം ഹാജരാക്കി.