ജോലിസ്ഥലത്തും അഭയംതേടിയ സെക്യൂരിറ്റി ക്യാബിനുള്ളിലും അതിക്രമിച്ച് കയറി യുവതിയെ മർദിക്കുകയും ജനൽ ഗ്ലാസ് അടിച്ചുപൊട്ടിക്കുകയും ചെയ്ത കേസിൽ സുഹൃത്തായ യുവാവിനെ കീഴ്‌വായ്‌പ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ മുണ്ടിയപ്പള്ളി വാക്കേക്കടവ് ആശാരിപ്പറമ്പിൽ രാജേഷ് മോൻ (എ.എസ്. രാകേഷ്-33) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പാമല കിൻഫ്രാ വ്യവസായ പാർക്കിലാണ് സംഭവം.
പാണ്ടനാട് സ്വദേശിനിയായ യുവതിയെ ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിന്റെ വിരോധത്താൽ പ്രതി കിൻഫ്രയുടെ ഓഫീസിൽ കയറി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അസഭ്യം വിളിച്ചെത്തിയ ഇയാൾ പാമലയിലുള്ള യുവതിയുടെ ബന്ധുവിന്റെ വീട്ടിൽചെന്ന് പ്രശ്നമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആക്രമണം ഭയന്ന് യുവതി ഓടി കോമ്പൗണ്ടിലുള്ള സുരക്ഷാജീവനക്കാരുടെ ക്യാബിനിൽ കയറി. പിന്തുടർന്നെത്തിയ പ്രതി സുരക്ഷാജീവനക്കാരനെ തള്ളിമാറ്റി അകത്തുകയറി. തലപിടിച്ച് ഭിത്തിയിലിടിപ്പിച്ചു, താൻ ഗുണ്ടയാണെന്നും കൂടെ ചെന്നില്ലെങ്കിൽ ബോംബെറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാർ പിടിച്ചുപുറത്താക്കിയപ്പോൾ വെളിയിൽ നിന്നുകൊണ്ട് ചുവരിലെ ജനാലയുടെ ചില്ല് കൈകൊണ്ട് ഇടിച്ചുപൊട്ടിച്ചു.
യുവതിയുടെ പരാതിപ്രകാരം, എഎസ്ഐ ജോയ്‌സ് തോമസ് മൊഴി രേഖപ്പെടുത്തി. കുന്നന്താനം ഷാപ്പിന് സമീപത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ്, എസ്ഐ ബി.എസ്. ആദർശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മദ്യപാനിയും സ്ഥിരം കലഹസ്വഭാവിയുമായ പ്രതിക്കെതിരേ കീഴ്‌വായ്‌പ്പൂര് സ്റ്റേഷനിൽ ഈവർഷം തന്നെ രണ്ട് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്. കുന്നന്താനം മഠത്തിക്കാവിലെ ഒരുവീട്ടിൽ കെട്ടുപടക്കം എറിഞ്ഞതിനാണ് ആദ്യത്തെ കേസ്. ചെങ്ങരൂരിൽ ഒരുവീടിന്റെ ജനൽ തല്ലിപൊട്ടിച്ചതിന് രജിസ്റ്റർ ചെയ്തതാണ് രണ്ടാമത്തേത്. തുടർ നടപടികൾക്കൊടുവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി.