കീഴ്‌വായ്പൂരിൽ വീടിന് തീപിടിച്ച് ആശാപ്രവർത്തകയ്ക്കു പൊള്ളലേറ്റ സംഭവത്തിൽ വിരലടയാള വിദഗ്ധരും ഫൊറൻസിക് വിദഗ്ധരും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പൊള്ളലേറ്റ പുളിമല പി.കെ.ലതാകുമാരിയുടെ (61) മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സുമയ്യയ്ക്കെതിരെ കേസെടുത്തു.
മല്ലപ്പള്ളി പഞ്ചായത്ത് 11–ാം വാർഡിലെ ആശ പ്രവർത്തകയായ ലതാകുമാരിയുടെ വീട്ടിൽ രാവിലെ പതിനൊന്നിനുശേഷം തുടങ്ങിയ പരിശോധന 2 മണിക്കൂറിലേറെ നീണ്ടു. രാസപരിശോധനയ്ക്കായി വിവിധയിടങ്ങളിൽനിന്ന് സാംപിളുകളും ശേഖരിച്ചു. കീഴ്‌വായ്പൂര് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും എത്തിയിരുന്നു. തീപിടുത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടല്ലെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് അധികൃതരുടെ കണ്ടെത്തൽ.
ഇവിടുത്തെ ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ നിന്ന് സ്വർണാഭരണങ്ങൾ കണ്ടെത്തിയെന്നും സൂചനയുണ്ട്.ലതാകുമാരി അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും സുമയ്യയാണ് വീടിന് തീവച്ചതെന്നും എഫ്ഐആറിൽ പറയുന്നു. പൊലീസ് ക്വാർട്ടേഴ്സിലും വിദഗ്ധസംഘം പരിശോധന നടത്തി. പൊലീസ് നായയെയും എത്തിച്ച് തെളിവെടുത്തു.
കഴുത്തിൽ തുണിചുറ്റി കൊല്ലാൻ ശ്രമിക്കുകയും മുഖത്ത് കത്തികൊണ്ട് കുത്തി മുറിവേൽപ്പിക്കുകയും വീടിന് തീയിട്ടു കൊല ചെയ്യാൻ ശ്രമിച്ചതായും എഫ്ഐആറിൽ പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ ലതാകുമാരി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.