കീഴ്വായ്പൂരിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ ആശപ്രവർത്തക ഗുരുതരാവസ്ഥയിൽ. മല്ലപ്പള്ളി പഞ്ചായത്ത് 11-ാം വാർഡിലെ ആശപ്രവർത്തക, കീഴ്വായ്പൂര് പോലീസ് സ്റ്റേഷനുസമീപം പുളിമല വീട്ടിൽ ലതാകുമാരിക്കാണ് (62) പൊള്ളലേറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം.
പരിചയമുള്ള ഒരു സ്ത്രീയാണ് തീയിട്ടതെന്ന് ലത മൊഴി നൽകിയിട്ടുണ്ട്. ഭർത്താവ് കീഴ്വായ്പൂര് ജനസേവാകേന്ദ്രം ഉടമ രാമൻകുട്ടി വീട്ടിൽ ഇല്ലായിരുന്നു. മകൾ വിദേശത്താണ്. കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ മാല, കൈയിൽ കിടന്ന ഓരോ പവൻ വരുന്ന മൂന്ന് വളകൾ, വിരലിലെ ആറ് ഗ്രാം തൂക്കമുള്ള മോതിരം എന്നിവ നഷ്ടപ്പെട്ടതായും പറയുന്നു.
വസ്ത്രങ്ങൾ പൂർണമായി കത്തിയനിലയിൽ അടുത്തുള്ള ബന്ധുവീട്ടിലെത്തിയ ലതയെ ഓട്ടോറിക്ഷയിലാണ് മല്ലപ്പള്ളി സ്വകാര്യ ആശുപത്രിൽ എത്തിച്ചത്. പ്രഥമശുശ്രൂഷയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കീഴ്വായ്പൂര് എസ്.ഐ. രാജേഷ്, മല്ലപ്പള്ളി ആശുപത്രിയിലെത്തി മൊഴിയെടുത്തു. പഞ്ചായത്ത് അംഗം രോഹിണി ജോസും ഉണ്ടായിരുന്നു. തിരുവല്ലയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയാണ് തീ കെടുത്തിയത്. സംഭവത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.