ശക്തമായ മഴയിൽ കൊറ്റനാട് പഞ്ചായത്ത് ഓഫീസിനുള്ളിൽ വെള്ളംകയറി. പിൻഭാഗത്തുകൂടി കുത്തിയൊലിച്ചെത്തിയ വെള്ളം ഗ്രില്ലിനിടയിലൂടെ ഓഫീസ് മുറികളിലൂടെ ഒഴുകി. ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. അവധി ആയതിനാൽ ആരും അറിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ ഓഫീസ് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്.
വെള്ളംകയറിയ ഭാഗത്തൊക്കെ ചെളിനിറഞ്ഞ നിലയിലായിരുന്നു. ഫയലുകൾക്കൊന്നും നാശമില്ല. ജീവനക്കാർ ചേർന്നാണ് ഓഫീസ് വൃത്തിയാക്കിയത്. വെള്ളംകയറിയ ഭാഗത്തെ ഗ്രില്ല് മുറിച്ചുനീക്കി ഇവിടെ കട്ടകൊണ്ട് കെട്ടിയടച്ചു. വെള്ളം ഒഴുകിപ്പോകുന്നതിനായി ഓട നിർമിക്കുവാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി.സാം പറഞ്ഞു.