മണിമലയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു

 മണിമലയിൽ വീടിനു തീ പിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയിൽ സെൽവരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. രക്ഷപ്പെടാൻ മുകൾനിലയിൽനിന്ന് ചാടിയ മകൻ വീനീഷിനെയും (30) താഴത്തെ നിലയിലുണ്ടായിരുന്ന സെൽവരാജനെയും (76) പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 12.30നാണ് അപകടം. മുകൾനിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും 2 മക്കളും രക്ഷപ്പെട്ടു. ഹോളി മാഗി ഫൊറോന പള്ളിക്കു പിന്നിലാണ് അപകടം നടന്ന വീട്. 

കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേന എത്തിയെങ്കിലും വാഹനം വീടിനു സമീപത്തേക്ക് എത്താതിരുന്നതിനാൽ ഒരു കിലോമീറ്റർ നടന്നാണ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയത്. ഈ സമയം നാട്ടുകാർ കിണറ്റിൽനിന്നു വെള്ളം കോരി രക്ഷാപ്രവർത്തനം നടത്തി. കിണറിന്റെ മോട്ടർ ഉൾപ്പെടെ കത്തിപ്പോയതും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. താഴത്തെ നില പൂർണമായും നശിച്ചു. വീടു മുഴുവൻ കനത്ത പുകയായിരുന്നു. 

ഇരുമ്പു ജനാലകളായതിനാൽ വീടിനുള്ളിലേക്കു കടക്കാനുള്ള ശ്രമം ആദ്യം പരാജയപ്പെട്ടു. ഇതിനിടെയാണ് വിനീഷ് ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയശേഷം മുകൾനിലയിൽനിന്ന് താഴേക്കു ചാടിയത്. താഴത്തെ നിലയിൽ ഉണ്ടായിരുന്ന സെൽവരാജനെയും രാജത്തെയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു പുറത്തെത്തിച്ചു. വിഷപ്പുക ശ്വസിച്ചതു രാജത്തിന്റെ നില ഗുരുതരമാക്കിയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിമല പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. വാഹനമെത്താൻ വഴിയില്ലാത്തതിനാൽ അപകടത്തിന്റെ വ്യാപ്തി വർധിച്ചുവെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ